ഭദ്രാസനത്തിന്റെ ഔദ്യോഗിക നാവാണ് ഭദ്രാസന പ്രകാശം . ഈടുറ്റ ലേഖനങ്ങള്‍, മിഷന് ഫീല്‍ഡുകളുടെയും സ്ഥാപനങ്ങളുടെയും പ്രവര്‍ത്തന റിപ്പോര്‍ട്ടുകള്‍, കാലികപ്രാധാന്യമുള്ള വിഷയാവതരണം, പ്രത്യേക വാര്‍ത്തകളും അറിയിപ്പുകളുമായി ആണ്ടിൽ മൂന്നു ലക്കങ്ങളിലായി പ്രസിദ്ധീകരിക്കുന്നു . എഡിറ്റർ : ദിവ്യശ്രീ ബ്രസീൻ കെ മോൻ കശ്ശീശ്ശ .
അഭി. ഡോ.തോമസ് മാര്‍ തീത്തോസ് എപ്പിസ്ക്കോപ്പാ അദ്ധ്യക്ഷനായും ദിവ്യശ്രീ. കെ.വി. ചെറിയാന് കശ്ശീശാ സെക്രട്ടറിയായും ശ്രീ. പി.എം. സാമുവേല്‍ ട്രഷററായുമുള്ള 27 അംഗ കൗണ്‍സില്‍ ഭദ്രാസനത്തിന്റെ സര്വ്വദോന്മുഖമായ വളര്‍ച്ചയ്ക്ക് ആവശ്യമായ തീരുമാനങ്ങള്‍ കൈക്കൊള്ളുകയും നടപ്പിലാക്കുകയും ചെയ്യുന്നു.
ഭദ്രാസനത്തിലെ വൈദികരുടെ വാര്‍ഷിക സമ്മേളനം 2018 ഒക്ടോബര്‍ മാസം 9-ാം തീയതി ചൊവ്വാഴ്ച മുതല്‍ 12-ാം തീയതി വെള്ളിയാഴ്ച വരെ ആലുവ ശാന്തിഗിരി ആശ്രമത്തില്‍വെച്ച് നടത്തപ്പെട്ടു. മനുഷ്യാന്തസ്സിന്റെ വീണ്ടെടുപ്പ്-യേശുക്രിസ്തുവിലെ നവ മാനവികതയിലൂടെ എന്ന ചിന്താവിഷയത്തിന്മേല് അഭി. ഡോ. തോമസ് മാര്‍ തീത്തോസ് എപ്പിസ്ക്കോപ്പായോടൊപ്പം ദിവ്യശ്രീ. ഡോ.വൈ.റ്റി. വിനയരാജ് കശ്ശീശായും, ദിവ്യശ്രീ. ബിജു ജോണ്‍ കശ്ശീശായും വേദപഠനങ്ങള്‍ക്കും, ദിവ്യശ്രീമാന്മാരായ ഷാജി കെ.തോമസ്, ബിനു ഏബ്രഹാം, ബ്രസിന് കെ. മോന് കശ്ശീശാമാര് പാരിഷ് കണ്സേണ്സിനും സുപ്രീംകോടതിയുടെ സമീപകാല വിധി സഭയോടു ബന്ധപ്പെടുത്തി അഡ്വ. ജോര്‍ജ് ചെറിയാനും, തെരഞ്ഞെടുത്ത മറ്റു വിഷയങ്ങളില്‍ ദിവ്യശ്രീമാന്മാരായ നോബിന് എം. മാത്യു, പ്രതീഷ് ഉമ്മന്‍, കുരുവിള ഫിലിപ്പ് എന്നീ കശ്ശീശാമാരും നേതൃത്വം നല്കി. ദിവ്യശ്രീ. പിറ്റി. ജേക്കബ് കശ്ശീശാ ദിവ്യശ്രീ. ലിജോ ജെ ജോര്‍ജ് കശ്ശീശാ എന്നിവര്‍ ഗാനാലാപന ശുശ്രൂഷക്കും വിവിധ സെന്ററുകളില്‍ നിന്നുള്ള വൈദികര്‍ ആരാധനകള്‍ക്കും, ദിവ്യശ്രീ ജിനു ഏബ്രഹാം ജോര്‍ജ് കശ്ശീശാ വിശുദ്ധ കുര്‍ബ്ബാനയ്ക്കും നേതൃത്വം നല്കി. ദിവ്യശ്രീ. സജി പി. സൈമണ്‍ കശ്ശീശാ കണ്‍വീനറായി പ്രവര്‍ത്തിച്ചു. കൂടാതെ മൂന്നു മാസത്തിലൊരിക്കല്‍ സെന്ററുകള്‍ കേന്ദ്രീകരിച്ചും മേഖലാടിസ്ഥാനത്തിലും വൈദിക കൂട്ടായ്മകള്‍ ക്രമമായി നടന്നുവരുന്നു.
ഭദ്രാസനത്തിലെ സുവിശേഷകരുടെ സമ്മേളനം 2018 ഡിസംബര്‍ 13, 14 (വ്യാഴം, വെള്ളി) ദിവസങ്ങളില്‍ തൃശൂര്‍ നെല്ലിക്കുന്ന് ശ്രീ.രവിവര്‍മ്മ മന്ദിരത്തില്‍ വച്ചും, 66-ാമത് ഭദ്രാസന കണ്‍വന്‍ഷനോടനുബന്ധിച്ച് 2019 ജനുവരി മാസം 30-ാം തീയതി ബുധനാഴ്ച ചുങ്കത്തറ ശാലേം മാര്ത്തോമ്മാപ്പള്ളിയില് വച്ചും നടത്തപ്പെട്ടു. സമ്മേളനങ്ങല്ക്ക് ഭദ്രാസനാദ്ധ്യക്ഷന് അഭി. ഡോ.തോമസ് മാര്‍ തീത്തോസ് എപ്പിസ്ക്കോപ്പായോടൊപ്പം ദിവ്യശ്രീ. ഇ.ജെ.ജോര്‍ജ് കശ്ശീശാ, ശ്രീ. ജോളി മാരാമണ്‍, ദിവ്യശ്രീ. പി.റ്റി. ജേക്കബ് കശ്ശീശാ എന്നിവര്‍ നേതൃത്വം നല്കി. സുവിശേഷകരായി 25 വര്‍ഷങ്ങള്‍ സ്തുത്യര്‍ഹമായ ശുശ്രൂഷ പൂര്‍ത്തിയാക്കിയ 4 സുവിശേഷകരെ ചുങ്കത്തറ കണ്വന്ഷന് നഗറില്‍ ചേര്‍ന്ന സമ്മേളനത്തില്‍ അനുമോദിച്ചു.
കുന്നംകുളം-മലബാര്‍ ഭദ്രാസനത്തിന്റെ 66-ാമത് കണ്വന്ഷന് 2019 ജനുവരി മാസം 27-ാം തീയതി ഞായറാഴ്ച മുതല്‍ ഫെബ്രുവരി മാസം 3-ാം തീയതി ഞായറാഴ്ച വരെ ചുങ്കത്തറ ശാലേം മാര്‍ത്തോമ്മാ പള്ളിയങ്കണത്തില്‍ പ്രത്യേകം ഒരുക്കിയ പന്തലില്‍ നടത്തപ്പെട്ടു. ഭദ്രാസനാദ്ധ്യക്ഷന് അഭി.ഡോ.തോമസ് മാര്‍ തീത്തോസ് എപ്പിസ്ക്കോപ്പായുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ഉദ്ഘാടന സമ്മേളനത്തില്‍ മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ അടൂര്‍-കടമ്പനാട് ഭദ്രാസനാദ്ധ്യക്ഷന് അഭി. ഡോ.സഖറിയാ മാര്‍ അപ്രേം മെത്രാപ്പോലീത്താ ഉദ്ഘാടനം നിര്‍വ്വഹിച്ചു. അഭി. ഡോ.തോമസ് മാര്‍ തീത്തോസ് എപ്പിസ്ക്കോപ്പാ എല്ലാ യോഗങ്ങള്‍ക്കും അദ്ധ്യക്ഷത വഹിച്ച് പ്രശംസനീയമായ നേതൃത്വം നല്കി. തിരുമേനിയെ കൂടാതെ അഭി. തോമസ് മാര്‍ തിമെഥെയോസ് എപ്പിസ്ക്കോപ്പാ, അഭി. ഡോ.സഖറിയാ മാര്‍ അപ്രേം മെത്രാപ്പോലീത്താ ദിവ്യശ്രീമാന്മാരായ വിനോയ് ദാനിയേല്‍, കെ.സി.സന്തോഷ്, പി.സി.സജി, സി.ജോണ്‍ മാത്യു, റെജി തോമസ് ചാക്കോ എന്നീ കശ്ശീശാമാരും ശ്രീ. ജോളി മാരാമണ്‍, ശ്രീമതി. ഡോ. അനു ജോര്‍ജ്, ഡോ. സിറിയക് തോമസ് എന്നിവരും വിവിധ മീറ്റിംഗുകള്‍ക്ക് നേതൃത്വം നല്കി. തിങ്കള്‍, ചൊവ്വ, ബുധന്‍ ദിവസങ്ങളിലെ റിന്യൂവല്‍ മീറ്റിംഗില്‍ 'തിരസ്കൃതരുടെ സുവിശേഷം' എന്ന വിഷയത്തെ അടിസ്ഥാനമാക്കി റവ. വിനോയ് ദാനിയേല്‍ ക്ലാസ്സുകള്‍ക്ക് നേതൃത്വം നല്കി. വ്യാഴം, വെള്ളി ദിവസങ്ങളിലെ വേദപഠനങ്ങള്‍ക്ക് ദിവ്യശ്രീമാന്മാരായ ബിനു ജോണ്‍, ഫെബിന് മാത്യു പ്രസാദ് എന്നീ കശ്ശീശാമാരും നേതൃത്വം നല്കി. ഭദ്രാസനത്തിലെ വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ പ്രത്യേക യോഗങ്ങള്‍ നടത്തപ്പെട്ടു.
മലങ്കര മാർ തോമ സുറിയാനി സഭ കുന്നംകുളം - മലബാർ ഭദ്രസാന കൺവെൻഷൻ 2020.
2019 ഫെബ്രുവരി 2 ശനിയാഴ്ച രാവിലെ ചേര്‍ന്ന സാമൂഹ്യതിന്മകള്ക്കെതിരായുള്ള യോഗം "ലഹരിമുക്ത ഭദ്രാസന" വിളംബര യോഗമായി ക്രമീകരിച്ചു. യോഗത്തിനു മുന്നോടിയായി ചുങ്കത്തറ മാര്‍ത്തോമ്മാ കോളേജ് അങ്കണത്തില്‍ നിന്നും കണ്വെന്ഷന് നഗരിയിലേക്ക് നൂറു കണക്കിനാളുകള്‍ അണിനിരന്ന പ്രൗഡോജ്ജ്വലമായ റാലിക്ക് അഭിവന്ദ്യ ഡോ.തോമസ് മാര്‍ തീത്തോസ് തിരുമേനി നേതൃത്വം നല്കി. വടക്കന്‍ കേരളത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നായി എത്തിച്ചേര്‍ന്ന വിശ്വാസസമൂഹവും എ.എ കൂട്ടായ്മയിലെ അംഗങ്ങളായ നാനാജാതി മതസ്ഥരും റാലിയിലും പൊതുസമ്മേളനത്തിലും പങ്കെടുത്തു. ഭദ്രാസനത്തിലെ മിഷന് പ്രവത്തനങ്ങളുടെ ഫലമായി കേരളത്തിലെ ആദ്യ സമ്പൂര്‍ണ്ണ ലഹരിമുക്ത കോളനിയായി പ്രഖ്യാപിക്കപ്പെട്ട വയനാട് പാക്കം ആദിവാസിക്കോളനി അംഗങ്ങളുടെ പങ്കാളിത്തം ഏറെ ശ്രദ്ധേയമായിരുന്നു. പൊതുസമ്മേളനത്തില്‍ ഡോ.സിറിയക് തോമസ് പ്രഭാഷണം നിര്‍വ്വഹിച്ചു. അഭിവന്ദ്യ തിരുമേനി ചൊല്ലിക്കൊടുത്ത ലഹരിവിരുദ്ധ പ്രതിജ്ഞ സന്നിഹിതരായ മുഴുവന്‍ ജനങ്ങളും ഏറ്റുചൊല്ലി. ലഹരിക്കെതിരായുള്ള നിലപാടുകളുടെയും പോരാട്ടങ്ങളുടെയും ദൃഢചിത്തതയോടുകൂടിയ തീരുമാനങ്ങള്‍ക്ക് യോഗം സാക്ഷ്യം വഹിച്ചു.
എല്ലാ വർഷവും നവംബര്‍ മാസം 2 -ാം തീയതി ഞായറാഴ്ച ഭദ്രാസന ദിനമായി വേര്‍തിരിച്ച് ആചരിച്ചു. ഭദ്രാസന എപ്പിസ്ക്കോപ്പായുടെ കല്പനപ്രകാരം പട്ടക്കാരും, സുവിശേഷകരും, ഭദ്രാസന കൗണ്‍സിലംഗങ്ങളും, ആത്മായ പ്രതിനിധികളും പുള്‍പിറ്റ് ചേഞ്ചിന്റെ ഭാഗമായി വിവിധ ഇടവകകള്‍ സന്ദര്‍ശിച്ച് ഭദ്രാസനത്തിന്റെ പ്രവര്‍ത്തനങ്ങളെ വിശദീകരിക്കുകയും പ്രത്യേകം തയ്യാറാക്കിയ ആരാധനാക്രമം ഉപയോഗിച്ച് ആരാധനക്ക് നേതൃത്വം നല്‍കുകയും ചെയ്യുന്നു . ഭദ്രാസന വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഓരോ കുടുംബവും ശരാശരി 1000 രൂപ എന്ന നിരക്കില്‍ വേര്‍തിരിച്ച് നല്കി സഹായിക്കുന്നു .
അഭിവന്ദ്യ ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം മാര്‍ത്തോമ്മാ വലിയ മെത്രാപ്പോലീത്താ ജന്മശതാബ്ദി പ്രൊജക്റ്റ് . ജയില്‍വാസികളുടെ കുടുംബാംഗങ്ങളുടെ പുനരധിവാസ പദ്ധതിയായ കരുതല്‍ രണ്ടാം വര്‍ഷത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. തന്നാണ്ടില്‍ 20 കുടുംബങ്ങള്‍ക്ക് ഈ പദ്ധതിയിലൂടെ പ്രയോജനം ലഭിക്കുന്നു. കുടുംബാംഗങ്ങളുടെ സംരക്ഷണം, കുട്ടികളുടെ പഠനം, ട്യൂഷന്, ഉന്നത വിദ്യാഭ്യാസത്തിന് കുട്ടികളെ ഒരുക്കുന്ന പ്രത്യേക പരിശീലനം എന്നീ മേഖലകളില്‍ കരുതല്‍ പ്രവര്‍ത്തിക്കുന്നു. കോഓർഡിനേറ്റർ : സുവി ഷിബു എം തോമസ് .
മാര്‍ത്തോമ്മാ സഭയുടെ ട്രാന്‍സ്ജെന്റേഴ്സ് മിനിസ്ട്രിയുമായി സഹകരിച്ച് കുന്നംകുളം-മലബാര്‍ ഭദ്രാസനം ഭിന്നലിംഗക്കാരുടെ ഉന്നമനത്തിനും പുനരധിവാസത്തിനുമായി വിവിധ പദ്ധതികള്‍ ആവിഷ്ക്കരിച്ച് നടപ്പിലാക്കി വരുന്നു. എല്ലാ മേഖലകളിലും അവഗണിക്കപ്പെടുന്ന ഭിന്നലിംഗക്കാരെ സംഘടിപ്പിക്കുന്നതിനും തൊഴിലധിഷ്ഠിത പരിശീലനം നല്കി പുനരധിവസിപ്പിക്കുന്നതിനുമായി ഒരു നേതൃത്വപരിശീലന ക്യാമ്പ് തൃശൂര്‍ നെല്ലിക്കുന്ന് ശ്രീരവിവര്മ്മ മന്ദിരത്തില്‍ വച്ച് നടത്തപ്പെട്ടു. സഭയുടെ വിവിധ സ്ഥാപനങ്ങളിലും, പൊതുമേഖലാ സ്ഥാപനങ്ങളിലും തൊഴില്‍ കണ്ടെത്തുവാനും, സ്വയം തൊഴില്‍ ചെയ്യുവാനും അവരെ പ്രാപ്തിപ്പെടുത്തുന്ന ധന്യമായ ശുശ്രൂഷക്ക് അഭിവന്ദ്യ ഡോ. തോമസ് മാര്‍ തീത്തോസ് എപ്പിസ്ക്കോപ്പായോടൊപ്പം ദിവ്യശ്രീ. ഷൈജു.സി.ജോയി കശ്ശീശായും നേതൃത്വം നല്കുന്നു.
നിര്‍ധന കുടുംബങ്ങളിലെ ഹൃദ്രോഗികളെ ഹൃദയ ശസ്ത്രക്രിയയിലും, ഹൃദ്രോഗ ചികിത്സയിലും സഹായിക്കുന്നതിന് തുടക്കം കുറിച്ച സേവ് എ ഹാര്‍ട്ട് പദ്ധതിയില്‍ 2017-18ല്‍ കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ ഹൃദയശസ്ത്രക്രിയ നടത്തിയ 7 പേരുടെ അനുധാവന ചികിത്സ തന്നാണ്ടില്‍ പൂര്‍ത്തീകരിക്കുന്നതിന് സാധിച്ചു. തന്നാണ്ടില്‍ ഭദ്രാസന അധ്യക്ഷന്റെ ഇടവക സന്ദര്‍ശന വേളയില്‍ 67,706 രൂപ സ്തോത്ര കാഴ്ചയായും ഒരു ലക്ഷം രൂപ എന്ഡോവ്മെന്റായും 97,850 രൂപ ഇതര സംഭാവനയായും ലഭിച്ചു. ഹൃദ്രോഗികളുടെ ചികിത്സാര്‍ത്ഥം തന്നാണ്ടില്‍ 5,07,794/- രൂപ ചെലവായി. തുടര്‍ വര്‍ഷങ്ങളില്‍ ഹൃദ്രോഗികളായ കുട്ടികളുടെ ചികിത്സക്ക് പ്രാധാന്യം നല്കുവാനും പ്രതിമാസം ഒരു ശസ്ത്രക്രിയ എന്ന ക്രമത്തില്‍ സഹായം നല്കുവാനും പദ്ധതിയൊരുക്കുന്നു.
ഭദ്രാസനത്തെ ലഹരിമുക്തമാക്കുക എന്ന ലക്ഷ്യത്തോടെ 2017 ഒക്ടോബര്‍ 2ന് തുടക്കം കുറിച്ച ഭദ്രാസന ലഹരി വിമോചന സമിതി തന്നാണ്ടില്‍ പ്രശംസനീയമാംവിധം ശുശ്രൂഷകള്‍ നിര്‍വഹിച്ചു . സെന്റര്‍ തലത്തില്‍ ലഹരി വിമോചന ക്യാമ്പുകള്‍ സംഘടിപ്പിച്ച് പരമാവധി ലഹരിയാസക്തരെ പങ്കെടുപ്പിക്കുവാനും എ.എ കൂട്ടായ്മകള്‍ ആരംഭിച്ച് സൗഖ്യജീവിതത്തില് നിലനിര്‍ത്തുവാനും സമിതി നേതൃത്വം നല്കി. "എന്റെ കുടുംബം ലഹരിമുക്ത കുടുംബം" എന്ന സ്റ്റിക്കര്‍ എല്ലാ വീടുകളിലും പതിപ്പിക്കുവാനും, ലഹരിവിരുദ്ധ പ്രതിജ്ഞാകാര്ഡ് ഒപ്പിട്ട് വാങ്ങുവാനും ഇടവക വികാരിമാരും ചുമതലക്കാരും ശ്രദ്ധിച്ചു. ദൈവത്തിന്റെ അളവറ്റ കൃപയാല്‍ 2019 ഫെബ്രുവരി മാസം 2-ാം തീയതി ഭദ്രാസന കണ്വന്ഷന് പന്തലില്‍ ചേര്‍ന്ന പ്രത്യേക സമ്മേളനത്തില്‍ കുന്നംകുളം-മലബാര്‍ ഭദ്രാസനം ലഹരിമുക്ത ഭദ്രാസനമെന്നു പ്രഖ്യാപിക്കുന്ന ചരിത്ര മുഹൂര്‍ത്തം നമുക്കു സമ്മാനിച്ചു. ഈ പ്രഖ്യാപനത്തിലൂടെ ഭദ്രാസനത്തില്‍ ലഹരിയുടെ സ്വാധീനം ഇല്ലെന്നല്ല, പകരം ഭദ്രാസനം ഒന്നാകെ ലഹരിക്കെതിരെ തുറന്ന പോരാട്ടത്തിലാണ്. അതില്‍ വീണുപോകുന്നവരെ വിമുക്തിയിലേക്ക് നയിക്കുവാന്‍ അനുധാവന പ്രവര്‍ത്തനങ്ങള്‍ നിര്‍വ്വഹിച്ചു വരുന്നു. ഈ യത്നത്തില്‍ ഭദ്രാസന എപ്പിസ്ക്കോപ്പായോടൊപ്പം പ്രവര്‍ത്തിക്കുന്നവർ .വൈദിക ഉപാദ്ധ്യക്ഷന്‍ ദിവ്യശ്രീ. അജി ചെറിയാന് കശ്ശീശ, ആത്മായ ഉപാദ്ധ്യക്ഷന്‍ ശ്രീ. കെ.റ്റി. തോമസ്, ജനറല്‍ കണ്‍വീനര്‍ ശ്രീ. റ്റി.ബി.കുര്യന്, ട്രഷറാര്‍ ശ്രീ. എം.സി. മാത്തുക്കുട്ടി എന്നിവരാണ് . റാലി കണ്‍വീനർ ദിവ്യശ്രീ. തോമസ് കോശി കശ്ശീശ.
സുവിശേഷ വേലയ്ക്കു വേണ്ടി ഇടവകകളില്‍നിന്നു ലഭിക്കുന്ന സാമ്പത്തിക വിഹിതമാണ് സുവിശേഷനിധി. ഭദ്രാസനത്തിലെ എല്ലാ ഭവനങ്ങളിലും വിതരണം ചെയ്തിട്ടുള്ള മിഷന് ബോക്സുകളില്‍ സ്വരൂപിച്ചിട്ടുള്ള തുകകള്‍ വര്‍ഷത്തില്‍ രണ്ടുതവണ അതാത് ഇടവകകളിലെ ചുമതലക്കാര്‍ ശേഖരിച്ച് ഭദ്രാസന ആഫീസില്‍ അടയ്ക്കുന്നു. മിഷന് ഫീല്‍ഡുകളുടെ ആവശ്യങ്ങള്‍ക്കും സുവിശേഷകരുടെ ശമ്പളത്തിനുമായി ഈ തുക വിനിയോഗിക്കുന്നു.